'മുക്കാല്‍ മണിക്കൂറോളം ബന്ദിയാക്കി മര്‍ദ്ദിച്ചു'; തിരുവല്ലത്ത് നടന്നത് സദാചാര ആക്രമണമെന്ന് ദമ്പതികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 02:40 PM  |  

Last Updated: 01st March 2022 02:40 PM  |   A+A-   |  

POLICE1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവല്ലം ജഡ്ജിക്കുന്നില്‍ നടന്നത് സദാചാര ആക്രമണമാണെന്ന് ദമ്പതികള്‍. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു. ഷാഡോ പൊലീസാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും പിന്നീട് പൊലീസ് എത്തിയപ്പോഴെക്കും അക്രമികള്‍ സ്ഥലം വിട്ടു. കുന്നിലേക്കുള്ള വഴികാണിച്ച് തന്ന് കുടുക്കിലാക്കുകയായിരുന്നെന്നും പരിക്കേറ്റ നിഖില്‍ പറഞ്ഞു.

തങ്ങള്‍ അവിടെയത്തിയപ്പോള്‍ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ്  ഇവര്‍ക്ക് കുന്നിലേക്ക് വഴി കാണിച്ചുകൊടുത്തത്. ശരിക്ക് വഴിയില്ലാത്തതിനാല്‍ അങ്ങോട്ട് പോകുന്നതില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് ഇവര്‍ ചോദിച്ചിരുന്നു.  ഫാമിലിയായത് കൊണ്ട് ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പിന്തുടര്‍ന്ന് ഇവര്‍ നിഖിലിനെ മര്‍ദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കില്‍ അതിന്റെ തെളിവുകാണണമെന്നും ഇവര്‍ പറഞ്ഞു. സുരേഷായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചത്. ഭാര്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെ മദ്യപസംഘം ചിതറിയോടിയതായും നിഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, ഒരു കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിലായിരുന്നു പൊലീസ് നടപടി. തുടര്‍ന്ന് ഇവരെയെല്ലാം സ്റ്റേഷനില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍വെച്ച് സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം. സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം, പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ സുരേഷിനെ മര്‍ദിച്ചിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചു. രാത്രി പൊലീസ് വാഹനത്തില്‍ കയറ്റുന്നതിന് മുമ്പ് മര്‍ദിച്ചിരുന്നതായും ഇവര്‍ പറയുന്നു. സുരേഷ് അസുഖബാധിതനല്ലെന്നും നെഞ്ചുവേദന വരാന്‍ സാധ്യതയില്ലെന്നും പൊലീസിന്റെ മര്‍ദനമേറ്റാണ് യുവാവ് മരിച്ചതെന്നുമാണ് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്.