പ്രണയം നടിച്ച് സഹപാഠിയുടെ ന​ഗ്ന ചിത്രം കൈക്കലാക്കി; സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 06:17 PM  |  

Last Updated: 01st March 2022 07:10 PM  |   A+A-   |  

arrest

അറസ്റ്റിലായ വിദ്യാർത്ഥികൾ

 

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടിൽ അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി വീട്ടിൽ ഷിനാസ് (19) എന്നിവരെയാണ് മതിലകം ഇൻസ്പെക്ടർ ടികെ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 

കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിനിയുടെ നഗ്ന ചിത്രമാണ് പ്രണയം നടിച്ച് കൈക്കലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പേരും, സ്കൂളിൻ്റെ പേരും ചേർത്താണ് മറ്റു വിദ്യാർത്ഥികൾക്ക് അയച്ചു കൊടുത്തത്. ഇവർ അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം  പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

എസ്ഐ ലാൽസൺ, എഎസ്ഐ ബാബു, സീനിയർ സിപിഒ തോമസ്, ഷാൻ മോൻ, അനിക്കുട്ടൻ, സിപി ഒമാരായ ആൻ്റണി, ഷിജു, മനോജ്, ഹോം ഗാർഡ് അൻസാരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.