സംപ്രേഷണ വിലക്ക്; മീഡിയ വൺ സുപ്രീം കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 07:44 PM  |  

Last Updated: 02nd March 2022 07:44 PM  |   A+A-   |  

SupremeCourtofIndia1

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ വിലക്ക് ഹൈക്കോടതി സിം​ഗിൾ ബഞ്ചിന് പിന്നാലെ ഡിവിഷൻ ബഞ്ചും ശരിവച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ ചാനൽ ഉടമകൾ. ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് പരമോന്നത കോടതിയെ സമീപിച്ചത്. 

ഹർജി അടിയന്തരമായി കേൾക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അഭിഭാഷകർ വഴി നാളെ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ആവശ്യം ഉന്നയിക്കുക. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്ക് എതിരെ മണിക്കൂറുകൾക്കമാണ് അഭിഭാഷകരായ ഹാരിസ് ബീരാൻ, പല്ലവി പ്രതാപ് എന്നിവർ മുഖേനെ മീഡിയ വൺ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 

ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനുമാണ്, സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണു ഹർജി പരിഗണിച്ചത്. 

ദേശ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം ക്ലിയറൻസ് നിഷേധിച്ചതോടെയാണ്, ചാനലിനു വിലക്കു വീണത്. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ പങ്ക് ഏറെയാണെന്നും വിലക്കു നീക്കണമെന്നും മീഡിയ വൺ ചാനലിനു വേണ്ടി ഹാജരായ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. എന്നാൽ, വിലക്കിലേക്കു നയിച്ച കാരണങ്ങൾ മുദ്രവച്ച കവറിൽ കൈമാറാം എന്നു കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖി അറിയിക്കുകയായിരുന്നു.