'വിപ്ലവം കഴിഞ്ഞുവരുന്ന സര്‍ക്കാരും ഇതുതന്നെ ചെയ്യും'; വിമര്‍ശിക്കുന്നത് പാര്‍ട്ടി പരിപാടി മനസ്സിലാകാത്തവര്‍: കോടിയേരി

പാര്‍ട്ടി പരിപാടി മുന്നോട്ടുവച്ചിരിക്കുന്ന കാഴ്പ്പാട് എന്താണെന്ന് മനസ്സിലാകാത്തവരാണ് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത്
സിപിഎം സംസ്ഥാന  സമ്മേളന വേദിയില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും
സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് അനുബന്ധിച്ചുള്ള നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയരേഖ പാര്‍ട്ടി നിലപാടിന് എതിരാണെന്ന പ്രചാരണം നടക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു പത്രം ഈ രേഖ പാര്‍ട്ടി നയത്തിന് എതിരാണെന്ന് എഴുതിയിട്ടുണ്ട്. വക്കും മൂലയുമൊക്കെ കാണിച്ച് ഇതാണ് രേഖ എന്ന് പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. 

'നയരേഖ പാര്‍ട്ടിയുടെ പൊതുവായ സമീപനത്തിന് വിരുദ്ധമാണ് എന്ന പ്രചാരണമാണ് ഇപ്പേള്‍ നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. പാര്‍ട്ടി പരിപാടി മുന്നോട്ടുവച്ചിരിക്കുന്ന കാഴ്ച്ചപ്പാട് എന്താണെന്ന് മനസ്സിലാകാത്തവരാണ് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത്. ജനകീയ ജനാധിപത്യ വിപ്ലവമാണ് പാര്‍ട്ടി പരിപാടി. ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നടപ്പിലാക്കേണ്ടവയെ കുറിച്ചാണ് പാര്‍ട്ടി പരിപാടി വിശദീകരിക്കുന്നത്. അതില്‍ത്തന്നെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ആധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും എന്ന്. ഒരു ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പോലും പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കും എന്നാണ് പഞ്ഞിട്ടുള്ളത്. അതേ സമയം സമ്പദ് ഘടനയെ മൊത്തത്തിലുള്ള താത്പര്യത്തിന് എതിരായി വരുന്ന മൂലധനങ്ങളെ സ്വീകരിക്കുകയില്ല' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖ എന്താണെന്നും അത് രൂപപ്പെട്ട പശ്ചാത്തലം എന്താണെന്നും തിരിച്ചറിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കാര്യം വ്യക്തമാകും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ് സിപിഎമ്മിന്റെ കേരള വികസന നയരേഖ. വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണം. കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം വികസന നയരേഖ മുന്നോട്ടുവെക്കുന്നു.

ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുള്‍പ്പടെ ആര്‍ക്കും വന്ന് പഠിക്കാനുതകുന്ന തരത്തില്‍ കേരളത്തെ ആകര്‍ഷക കേന്ദ്രമാക്കണം. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും വികസന നയരേഖ ആവശ്യപ്പെടുന്നു.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭാവി കേരളത്തിനായുള്ള വികസന നയരേഖ അവതരിപ്പിച്ചത്. കേരളത്തിന്റെ 25 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള നിര്‍ദേശങ്ങളാണ് നയരേഖയിലുള്ളത്. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും നയരേഖയില്‍ പറയുന്നു. പരമ്പരാഗത വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുക, വ്യവസായങ്ങള്‍ക്ക് പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക, ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയവ വികസനരേഖ മുന്നോട്ടുവെക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട് ഒരു രേഖയായി അവതരിപ്പിക്കുന്നത്. 37 വര്‍ഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സമ്മേളനത്തില്‍ എം വി രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിക്കുന്ന നയരേഖയില്‍ കേരളത്തിന്റെ വികസനത്തിനാകും മുഖ്യ പരിഗണനയെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഉദാര സമീപനമാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കാതെയാകും നയരേഖയെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സിഐടിയുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നയരേഖയ്‌ക്കൊപ്പം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ, തൊഴിലാളികളില്‍ ഉത്തരവാദിത്ത ബോധം കൂടി ഉണ്ടാക്കണം. അതാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നും റിപ്പോര്‍ട്ടില്‍ പ്രശംസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com