ഫ്‌ലാറ്റില്‍ തനിച്ചു താമസിക്കുന്ന വയോധികനെ പരിചരിക്കാനെത്തി; എടിഎം തട്ടിയെടുത്ത് ഒന്നര ലക്ഷം കവര്‍ന്നു, നഴ്‌സ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 08:02 PM  |  

Last Updated: 03rd March 2022 08:02 PM  |   A+A-   |  

ARREST

പ്രതീകാത്മക ചിത്രം

 

തിരുവല്ല: ഫ്‌ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന വയോധികന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസില്‍ മെയില്‍ നഴ്‌സിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കണ്ടയംവീട്ടില്‍ രാജീവ് (38) ആണ് അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തെ ബി ടെക് ഫ്‌ലാറ്റിലെ താമസക്കാരനായ പിഎ എബ്രഹാമിന്റെ പണമാണ് എടിഎമ്മിലൂടെ പല തവണയായി രാജീവ് കവര്‍ന്നത്.

തനിച്ച് താമസിച്ചിരുന്ന എബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജന്‍സി മുഖേന ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജീവ് ഫ്‌ലാറ്റില്‍ ജോലിക്കെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന എബ്രഹാമിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി കാര്‍ഡിന്റെ കവറില്‍ രേഖപ്പെടുത്തിയിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് പല തവണയായി ഒന്നര ലക്ഷത്തോളം രൂപ വിവിധ എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു

വിദേശത്തുള്ള മകന്‍ പണം അയച്ചത് അറിയിക്കാന്‍ കഴിഞ്ഞ ദിവസം എബ്രഹാമിനെ വിളിച്ചപ്പോള്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ബാങ്കില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പല തവണയായി ബാങ്കില്‍ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്.

ഇതേതുടര്‍ന്ന് എബ്രഹാം തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.