ദിലീപിന് നിര്‍ണായകം; നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും; കൂടുതല്‍ സമയം തേടാന്‍ അന്വേഷണ സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 07:37 AM  |  

Last Updated: 03rd March 2022 07:40 AM  |   A+A-   |  

dileep case

ദിലീപ്/ഫയല്‍ ചിത്രം


കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 

മാർച്ച് ഒന്നു വരെയാണ് എറണാകുളം അഡീഷണല്‍ സ്പെഷ്യൽ സെഷൻസ് കോടതി സമയം നൽകിയിരുന്നത്. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും അന്വേഷണ സംഘം ഇന്ന് ആവശ്യപ്പെടാനാണ് സാധ്യത. അന്വേഷണ പുരോഗതി റിപ്പോ‍ർട്ടും സമർപ്പിച്ചേക്കും. 

നടിയെ ആക്രമിച്ച കേസിൻറെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിയിരുന്നു. നേരത്തെ, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24ന് ദിലീപ് കോടതിയിൽ വാദിച്ചത്.