പാപ്പാനെ ഇടിച്ചുതെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി, വിരണ്ടോടി ആന- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 12:32 PM  |  

Last Updated: 03rd March 2022 12:32 PM  |   A+A-   |  

elephant runs amok

ആന പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം

 

കൊച്ചി: വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ വേഗം തന്നെ തളച്ചതിനാല്‍ മറ്റു അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

അയ്യമ്പള്ളി  മഹാദേവ ക്ഷേത്രത്തിനു സമീപം സംസ്ഥാനപാതയില്‍ ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണു  സംഭവം. ഉത്സവത്തിനായി കൊണ്ടു വന്ന കാളകുത്തന്‍ കണ്ണന്‍ എന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കി റോഡരികില്‍ നിര്‍ത്തിയ ഉടനെയായിരുന്നു അപകടം. ആനയെ ലോറിയില്‍ നിന്ന് ഇറക്കി ചങ്ങല ഇടുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചത്.

യുവതി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് പാപ്പാന്‍ തെറിച്ചു വീണതോടെ ആന വിരണ്ട് മുന്നോട്ട് ഓടുകയായിരുന്നു. ആനയെ പെട്ടെന്നു നടുറോഡില്‍ കണ്ടതിനെത്തുടര്‍ന്ന് യുവതി ഭയന്നതാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് സൂചന. ആന വിരണ്ടതോടെ ആനയെ കാണാന്‍ ചുറ്റും കൂടിനിന്നവരും പരക്കംപാഞ്ഞ് ഓടി. ആര്‍ക്കും കാര്യമായ പരിക്കില്ല. ഓടിയ ആനയെ ഉടന്‍ തന്നെ നിയന്ത്രണത്തിലാക്കാനും കഴിഞ്ഞു.