എസ്എസ്എൽസി, പ്ലസ്ടു സംശയനിവാരണത്തിന് കൈറ്റ് വിക്‌ടേഴ്‌സിൽ ലൈവ് ഫോൺ-ഇൻ ഇന്നുമുതൽ;  മുഴുവൻ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 07:37 AM  |  

Last Updated: 03rd March 2022 07:37 AM  |   A+A-   |  

victers_channel

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പരീക്ഷകൾക്ക് മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്‌സിൽ ഇന്നു മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. 

പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതൽ 9 വരെയും 1800 425 9877 എന്ന ടോൾഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം. പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതൽ പുനഃസംപ്രേഷണം ചെയ്യും.

പത്താംക്ലാസിൽ മാർച്ച് 3 മുതൽ 5 വരെ തുടർച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതൽ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോൺ-ഇൻ. മാർച്ച് 12 ന് ഭാഷാവിഷയങ്ങളും ലൈവ് നൽകും. 

പ്ലസ് ടു വിഭാഗത്തിന് മാർച്ച് 3 മുതൽ 12 വരെ തുടർച്ചയായി കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, മാത്‌സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടർസയൻസ്/ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളും മാർച്ച് 13 ന് ഭാഷാവിഷയങ്ങളും മാർച്ച് 14 ന് പൊളിറ്റിക്കൽ സയൻസും ലൈവ് ഫോൺ-ഇൻ പരിപാടിയിൽ ലഭ്യമാക്കും. 

കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.

മറ്റു ക്ലാസുകൾ ഇപ്രകാരമാണ്

ഇന്ന് (മാർച്ച് 3, വ്യാഴം) മുതൽ പ്ലസ് വൺ ക്ലാസുകൾ രാവിലെ 7.30 മുതൽ 10.30 വരെ (ദിവസവും ആറു ക്ലാസുകൾ) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ.

പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകൾ ഉച്ചയ്ക്ക് 12.00നും 12.30നും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ വൈകുന്നേരം 3.30നും രാവിലെ 7 നും  7.30നും നടക്കും.

മൂന്ന്, നാല് ക്ലാസുകൾക്ക് ഇനിമുതൽ ദിവസവും രണ്ടുക്ലാസുകൾ (ഉച്ചയ്ക്ക് 1 മുതൽ 2 വരെയും,  2മുതൽ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകൾ ഉച്ചയ്ക്ക് 3 നും 3.30 നും (പുനഃസംപ്രേഷണം  10.30നും 11 നും). 

ആറാംക്ലാസിന്റെ സംപ്രേഷണം പൂർത്തിയായി. എട്ടിന് മൂന്നു ക്ലാസുകളും (വൈകുന്നേരം 4 മുതൽ 5.30 വരെയും) പുനഃസംപ്രേഷണം അടുത്തദിവസം 11 മുതൽ കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ) ഒൻപതിന് രാവിലെ 11 മുതൽ 12 വരെ രണ്ടുക്ലാസുകളും നടക്കും (പുനഃസംപ്രേഷണം വൈകുന്നേരം 4 മുതൽ, കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം ഉണ്ടായിരിക്കും).

പൊതുപരീക്ഷയുള്ള കുട്ടികൾക്ക് സാധാരണ ക്ലാസുകൾക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. മുഴുവൻ ക്ലാസുകളും സമയക്രമവും  firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാകും.