ഇടുക്കിയില്‍ വൈകാതെ വിമാനം ഇറങ്ങും; എയര്‍സ്ട്രിപ്പ് നിര്‍മ്മാണം അവസാനഘട്ടത്തില്‍ 

പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികത്തോടനുബന്ധിച്ച് വിമാനം ഇറക്കാനാണ് പദ്ധതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും. പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികത്തോടനുബന്ധിച്ച് വിമാനം ഇറക്കാനാണ് പദ്ധതി. എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനത്തിനായി വണ്ടിപ്പെരിയാറിലെ സത്രത്തില്‍ പണിയുന്ന എയര്‍ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക. വനം വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. 

എന്‍സിസിയുടെ എയര്‍ വിംഗ് കേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതിനാണ് സത്രത്തില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് നിര്‍മ്മാണം തുടങ്ങിയത്. 650 മീറ്റര്‍ റണ്‍വേയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായി. വിമാനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഹാംഗറിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്. 

25-ാം തീയതിയോടെ പെയിന്റിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാകും. അടിയന്തര സാഹചര്യത്തില്‍ രാത്രിയിലും വിമാനമിറക്കാന്‍ റണ്‍വേ ലൈറ്റിംഗ് ഉടന്‍ തുടങ്ങും. ഇതിനു ശേഷം റണ്‍വേയുടെ ഇരു ഭാഗത്തെയും ടാറിംഗ് തുടങ്ങും.വൈറസ് എസ്ഡബ്ല്യു- 80 വിഭാഗത്തിലുള്ള രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന നാലു വിമാനങ്ങള്‍ ഇവിടേക്ക് എന്‍സിസി അനുവദിച്ചിട്ടുണ്ട്. 

ആധുനിക രീതിയിലുള്ള പരിശീലന വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാന്‍ റണ്‍വേയുടെ നീളം ആയിരം മീറ്ററാക്കണം. ഇതിനായി 11.5 ഏക്കര്‍ സ്ഥലം കൂടി വിട്ടു കിട്ടണം. ഒപ്പം ഒരു ഭാഗത്തുളള മണ്‍തിട്ടയും മാറ്റണം. ഇതിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതു കൂടി പൂര്‍ത്തിയായാല്‍ അടിയന്തര സാഹചര്യങ്ങളില്‍ വ്യോമസേന വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും ഇവിടെ ഇറക്കാനാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com