പത്താംക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ്: രജിസ്ട്രേഷൻ തീയതി നീട്ടി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 10:11 PM  |  

Last Updated: 04th March 2022 10:11 PM  |   A+A-   |  

thulyathacourse

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി നീട്ടി. ഫൈൻ ഇല്ലാതെ ഈ മാസം 25 വരെയും ഫൈനോടു കൂടി ഏപ്രിൽ 25 വരെയും അപേക്ഷിക്കാം. 

ഏഴാം തരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2016ന് മുൻപ് എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. 50 രൂപ ഫൈനോടു കൂടി ഏപ്രിൽ 10 വരെയും 200 രൂപ സൂപ്പർ ഫൈനോടു കൂടി ഏപ്രിൽ 25 വരെയും അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്എസ്എൽസി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും, പ്രൊമോഷനും, പി എസ് സി നിയമനത്തിനും അർഹത ലഭിക്കും. അപേക്ഷാഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 1850 രൂപയാണ് അടയ്ക്കേണ്ടത്. 

ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.  പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടൂ / പ്രീഡിഗ്രി തോറ്റവർക്കും, ഇടയ്ക്ക്  പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസും രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 2500 രൂപയാണ്. 

പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് അടയ്‌ക്കേണ്ടതില്ല.പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും അടച്ചാൽ മതിയാകും. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും രണ്ട് കോഴ്സുകളും സൗജന്യമാണ്.