മകളെ ശല്യം ചെയ്യുന്നത് വിലക്കി, മാതാപിതാക്കളെ മർദിച്ചു, വീട് അടിച്ചു തകർത്തു; 19 കാരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 08:26 AM  |  

Last Updated: 04th March 2022 09:05 AM  |   A+A-   |  

subin_arrest

അറസ്റ്റിലായ സുബിൻ

 

കൊല്ലം; പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം വടക്കേവിള മൈലാടുംകുന്ന് സ്വദേശിയായ സുബിൻ (19) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയുടെ മാതാപിതാക്കളെ മർദിക്കുകയും വീട് അടിച്ചു തകർക്കുകയുമായിരുന്നു. കൂടാതെ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്. 

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കാതായപ്പോഴാണ് പെൺകുട്ടി വീട്ടുകാരോട് പറയുന്നത്. തുടര്‍ന്നു, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. തുടർന്ന് കിളികൊല്ലൂര്‍ പൊലീസിൽ പരാതി നൽകിയതോടെ സുബിൻ ഒളിവിൽ പോയി. 

യുവാവിനെ  പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.