പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനാവശ്യ എതിര്‍പ്പ്; ഉദ്യോഗസ്ഥന്‌ 25000 പിഴയിട്ട് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 10:29 AM  |  

Last Updated: 04th March 2022 10:29 AM  |   A+A-   |  

High court fines Passport officer Rs 25,000

ഫയല്‍ ചിത്രം

 


കൊച്ചി: മകളുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ വിവാഹമോചിതയായ അമ്മ നല്‍കിയ അപേക്ഷയില്‍ അനാവശ്യമായി എതിര്‍പ്പുന്നയിച്ച അസിസ്റ്റന്റ് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് ഹൈക്കോടതി 25,000 രൂപ പിഴചുമത്തി.  കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഓഫീസറോടാണ് സ്വന്തം ശമ്പളത്തില്‍ നിന്ന് പണം നല്‍കാന്‍  ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടത്.

ഏറ്റുമാനൂര്‍ സ്വദേശിനിയാണ് ഹര്‍ജിക്കാരി. താന്‍ വിവാഹമോചനം നേടിയതുമായി ബന്ധപ്പെട്ട കോടതിയുത്തരവും മകളുടെ ഉത്തരവാദിത്വം തനിക്കാണെന്ന് വ്യക്തമാക്കുന്ന ഫോം സിയും അപേക്ഷയ്‌ക്കൊപ്പം ഹര്‍ജിക്കാരി നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ അനുമതിയോ പാസ് പോര്‍ട്ട് പുതുക്കാനുള്ള കോടതിയുടെ ഉത്തരവോ വേണമെന്ന് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഒരാഴ്ചയ്ക്കകം പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണം. ഉദ്യോഗസ്ഥന്‍ കോടതിച്ചെലവു നല്‍കണമെന്ന ഉത്തരവ് എല്ലാ പാസ്പോര്‍ട്ട് ഓഫീസുകളിലേക്കും അയച്ചു കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പാസ്‌പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിവാഹമോചിതരും വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്‍പ്പെട്ടവരും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുന്നത് പതിവാകുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പ്രായോഗിക സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടത്. അനാവശ്യമായ തര്‍ക്കം ഉന്നയിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.