'അവര്‍ ഞങ്ങളെ എകെ 47 തോക്കു കൊണ്ട് അടിച്ചു, ബസില്‍നിന്നു വലിച്ചിറക്കി; പെരുമാറിയത് നായ്ക്കളോടെന്ന പോലെ'

പത്തു യുക്രൈനികളെ വിടുമ്പോള്‍ ഒരു വിദേശിയെ കടക്കാന്‍ അനുവദിക്കും. അങ്ങനെയായിരുന്നു അവിടെ
അശ്വതി ഷാജി അമ്മയ്‌ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍/എ സനേഷ്‌
അശ്വതി ഷാജി അമ്മയ്‌ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍/എ സനേഷ്‌

കൊച്ചി: ''നരകം പോലെയായിരുന്നു ആ നാലു ദിനങ്ങള്‍. ജീവിതകാലം മുഴുവന്‍ അതെന്നെ വേട്ടയാടിക്കൊണ്ടേയിരിക്കും'' -ദുരിത പര്‍വം താണ്ടി യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു നാട്ടില്‍ തിരിച്ചെത്തിയ അശ്വതി ഷാജിക്ക് ഇക്കഴിഞ്ഞ അനുഭവങ്ങള്‍ ഓര്‍ക്കുന്നതു പോലും ഞെട്ടലാണ്. കീവ് നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ ഏയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അശ്വതി ഇന്നലെയാണ് തിരിച്ചെത്തിയത്.

''അസ്ഥി മരവിപ്പിക്കുന്ന തണുപ്പാണ് അവിടെ. എങ്ങും വെടിയൊച്ചകളും ഷെല്‍ ആക്രമണങ്ങളും. വിശപ്പടക്കാന്‍ ഒന്നും കിട്ടാനില്ല. ഇതിനെല്ലാം പുറമേ യുക്രൈനിയന്‍ പട്ടാളക്കാരുടെ വംശീയ ആക്രമണവും.''- അശ്വതി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ഇതെല്ലാം താണ്ടിയാണ് അതിര്‍ത്തി കടന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. അവിടെ എത്തുംവരെ അനിശ്ചിതത്വം മാത്രമായിരുന്നു, മുന്നില്‍.

ഫെബ്രുവരി 24ന് യുക്രൈന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയാണ് റഷ്യ ബോംബിങ് തുടങ്ങിയത്. ഹോസ്റ്റല്‍ കെട്ടിടമെല്ലാം കുലുങ്ങി. തല പൊട്ടിപ്പിളരുന്നതു പോലെയാണ് തോന്നിയത്. ഹോസ്റ്റല്‍ അധികൃതര്‍ ഞങ്ങളെ ബേസ്‌മെന്റിലേക്കു മാറ്റി. മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരുന്നതൊക്കെ പ്രശ്‌നമായിരുന്നു.

യൂണിവേഴ്‌സിറ്റിയില്‍ മൂന്നു മലയാളി കുട്ടികളാണ് ഉള്ളത്. ഒരാള്‍ തുടക്കത്തില്‍ തന്നെ മടങ്ങിയിരുന്നു. ഇനിയൊരാളുള്ളത് ഹംഗറി അതിര്‍ത്തിയിലേക്കാണ് പോയത്. ''പിന്നെയുള്ള നാലു ദിവസമായിരുന്നു നരകയാത്ര. ഉറങ്ങാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. ഒരു മലയാളി ഏജന്റ് പോളണ്ട് അതിര്‍ത്തിയിലേക്കു പോവാന്‍ കാര്‍ ഏര്‍പ്പാടാക്കി തന്നു. 1200 കിലോമീറ്റര്‍ ദൂരമുണ്ട്. ഫെബ്രുവരി 25ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് യാത്ര തുടങ്ങിയത് പിറ്റേന്ന് ലീവ് നഗരത്തില്‍ എത്തി. പുറത്തു കടക്കാന്‍ നീണ്ട കാത്തിരിപ്പായിരുന്നു. യുക്രൈനികളെ കയറ്റിവിടുന്നതില്‍ മാത്രമായിരുന്നു പട്ടാളത്തിനു താത്പര്യം. പത്തു യുക്രൈനികളെ വിടുമ്പോള്‍ ഒരു വിദേശിയെ കടക്കാന്‍ അനുവദിക്കും. അങ്ങനെയായിരുന്നു അവിടെ. ലക്ഷങ്ങളാണ് അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുന്നത്''

ഇരുപത്തിയേഴിന് കുറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു ബസ്സില്‍ അതിര്‍ത്തി പട്ടണം വരെ എത്തി. അവിടെ ചെക് പോസ്റ്റ് ഉണ്ട്. തുടര്‍ന്നുള്ള 47 കിലോമീറ്റര്‍ നടന്നാണ് പോയത്. അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പിന്നെയും നീണ്ട ക്യൂ. കൊടും തണുപ്പില്‍ 24 മണിക്കൂറാണ് അവിടെ കഴിച്ചുകൂട്ടിയത്. സഹിക്കവയ്യാതായപ്പോള്‍ എങ്ങനെയെങ്കിലും കടത്തിവിടാന്‍ യുക്രൈനി പട്ടാളക്കാരോട് അപേക്ഷിച്ചു. ക്രൂരമായി ആയിരുന്നു പ്രതികരണം. അവര്‍ ഞങ്ങളെ എകെ 47 തോക്കുകൊണ്ട് അടിച്ചു. അടങ്ങിയിരുന്നില്ലെങ്കില്‍ വെടിവയ്ക്കുമെന്നു പറഞ്ഞു. ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതിനു ശേഷമാണ് അവര്‍ ഗെയ്റ്റ് തുറന്നത്.

ഗെയ്റ്റ് കടന്ന് മറുവശത്ത് എത്തിയപ്പോള്‍ രക്ഷപ്പെട്ടെന്നാണ് കരുതിയത്. പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്ത് അവിടെ കണ്ട ഒരു ബസില്‍ കയറിയപ്പോള്‍ അവര്‍ ഞങ്ങളെ വലിച്ചിഴച്ചു താഴെയിട്ടു. വേണമെങ്കില്‍ നടന്നുപോവാന്‍ പറഞ്ഞു. നായ്ക്കളോടെന്ന പോലെയാണ് അവര്‍ ഞങ്ങളോടു പെരുമാറിയത്- അശ്വതി പറയുന്നു.

ഇരുപത്തിയെട്ടിന് വൈകിട്ടാണ് അശ്വതിയും കൂടെയുള്ളവരും പോളണ്ട് ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച ഡല്‍ഹിയിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com