കുസൃതി ചോദ്യത്തിന് മറുപടി നല്‍കിയതാണ്;പരാതി കാര്യം അറിയാതെ, പാര്‍ട്ടിയില്‍ പറയേണ്ടത് ഫെയ്‌സ്ബുക്കില്‍ പറഞ്ഞാല്‍ പോരാ: കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 09:23 PM  |  

Last Updated: 05th March 2022 09:23 PM  |   A+A-   |  

kodiyeri cpm secretary

കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: തനിക്കെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി കാര്യം അറിയാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുസൃതി ചോദ്യത്തിന് മറുപടി നല്‍കിയതാണ്. വനിതാ കമ്മീഷന്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

പി ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതിരുന്നതിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. 'പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ തന്നെ പറയണം. അല്ലാതെ ഫെയ്‌സ്ബുക്കിലല്ല എന്ന് അദ്ദേഹം പറഞ്ഞു. 

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി-പരാതി 

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ഫാത്തിമ പരാതി നല്‍കിയത്. പ്രസ്താവന ഗുരുതരവും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരി നല്‍കിയ മറുപടിയാണ് വിവാദമായത്. സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോയെന്ന ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. പ്രാതിനിധ്യം 50 ശതമാനമാക്കുമോയെന്ന ചോദ്യത്തിന്, 'നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നതാണോ, പ്രായോഗിക നിര്‍ദേശം നല്‍കാന്‍ നടക്കുന്നതാണോ' എന്ന് കോടിയേരി ചോദിച്ചു. കമ്മിറ്റികളില്‍ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തിരുന്നു.

ജയരാജന് വേണ്ടി പോസ്റ്റര്‍ 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി ജയരാജനെ പരിഗണിക്കാതിരുന്നതില്‍ നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.  'പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', 'സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം' എന്നാണ് റെഡ് ആര്‍മി എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. 'കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍' എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തി. ഉള്‍പാര്‍ട്ടി ജനാധിപത്യം ഉള്ള പാര്‍ട്ടിയാണ് സിപിഎം, വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഇതാണ്. സംസ്ഥാന സമ്മേളനത്തില്‍ തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നും പി ജയരാജന്‍ വിമര്‍ശിച്ചു.

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തു പദവി കിട്ടും എന്നതല്ല, നിലപാടാണ് പ്രധാനം. ആ നിലപാട് സമൂഹത്തിന്റെയും പ്രസ്ഥാനത്തിന്റേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്യാവശ്യമാണെന്ന് ജയരാജന്‍ പറഞ്ഞു.കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പാര്‍ട്ടി സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കണ്ടിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.