'സ്ത്രീകളെ അവഹേളിച്ചു'; കോടിയേരിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതിയുമായി ഫാത്തിമ തെഹ്‌ലിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 04:34 PM  |  

Last Updated: 05th March 2022 09:52 PM  |   A+A-   |  

kodiyeri-fathima

കോടിയേരി ബാലകൃഷ്ണന്‍,ഫാത്തിമ തഹ്‌ലിയ

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ വനിതാ കമ്മീഷനില്‍ പരാതി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ ആണ് പരാതി നല്‍കിയത്. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. പ്രസ്താവന ഗുരുതരവും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരി നല്‍കിയ മറുപടിയാണ് വിവാദമായത്. സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോയെന്ന ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. പ്രാതിനിധ്യം 50 ശതമാനമാക്കുമോയെന്ന ചോദ്യത്തിന്, 'നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്നതാണോ, പ്രായോഗിക നിര്‍ദേശം നല്‍കാന്‍ നടക്കുന്നതാണോ' എന്ന് കോടിയേരി ചോദിച്ചു. കമ്മിറ്റികളില്‍ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തിരുന്നു.