തന്നെയും അവര്‍ കൊന്നേക്കും, ഇത് മരണമൊഴി; ഗൂഢാലോചന നടത്തുന്നത് രാഷ്ട്രീയക്കാര്‍ അടക്കം ആറുപേരെന്ന് അഞ്ജലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 11:20 AM  |  

Last Updated: 05th March 2022 11:20 AM  |   A+A-   |  

Six people behind the conspiracy: Anjali Reemadev

അഞ്ജലി റിമാദേവ്/ വീഡിയോ ദൃശ്യം

 


കോഴിക്കോട്: നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നുവെന്ന് കേസിലെ പ്രതിയായ അഞ്ജലി റിമദേവ്. തന്നെ ട്രാപ്പില്‍ പെടുത്താന്‍ ആറു വ്യക്തികളാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഇതില്‍ രാഷ്ട്രീയക്കാര്‍, സന്നദ്ധസംഘടന, ട്രസ്റ്റ് ഭാരവാഹികള്‍, ബിസിനസുകാര്‍ എന്നിവയില്‍പ്പെടുന്ന ആറു വ്യക്തികളാണ് തന്നെ കെണിയില്‍പ്പെടുത്താന്‍ രംഗത്തിറങ്ങിയിട്ടുള്ളത്.  അഞ്ജലി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. 

ആറുപേരുടെയും ഡീറ്റെയില്‍സ് എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇവര്‍ എന്നെ തുലയ്ക്കാനുള്ള ഗൂഢാലോചനകളും മീറ്റിങ്ങുകളും ഇപ്പോഴും നടത്തിവരുന്നുണ്ട്. തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അഞ്ജലി ആരോപിക്കുന്നു. ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. നാളെ ഞാന്‍ മരണപ്പെട്ടാല്‍ ഇവര്‍ ആത്മഹത്യയാക്കി തീര്‍ക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഇവര്‍ കൊന്നതാണെന്ന് നൂറുശതമാനം ഉറപ്പിക്കണം. ഈ വീഡിയോ മരണമൊഴിയായി കണക്കാക്കണമെന്ന് അഞ്ജലി ആവശ്യപ്പെടുന്നു. 

ഇനി ഞാന്‍ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെണ്‍കുട്ടിയുടെ ജീവിതവും തുലയ്ക്കാന്‍ പാടില്ല. ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികള്‍ക്കെതിരെ അന്വേഷണം വരണം. 

'കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ മാത്രമാണ്. ബോയ് ഫ്രണ്ടില്ലാത്തവര്‍ക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവല്‍ നില്‍ക്കും, അവര്‍ നേരിട്ടു കണ്ടിട്ടുണ്ട്, ഹണഇട്രാപ്പില്‍ പെടുത്തും, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിന്‍ ബോക്‌സില്‍ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്, സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പര്‍ 18 ഹോട്ടലില്‍ വച്ച് എന്തോ കാഴ്ച കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് പരാതിക്കാരി ഉയര്‍ത്തിയിരിക്കുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓര്‍മ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് എനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മറ്റു പെണ്‍കുട്ടികളുടെ മൊഴിയെടുക്കണം. വര്‍ഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസില്‍ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ എടുത്തു പരിശോധിക്കണം.  സ്ത്രീ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ ലൈവ് പോളിഗ്രാഫ് ടെസ്‌റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കില്‍ കല്ലെറിഞ്ഞു കൊല്ലണമെന്നും അഞ്ജലി വീഡിയോയില്‍ പറയുന്നു. 

നമ്പര്‍ 18 ഹോട്ടല്‍ വിഷയവുമായി ബന്ധപ്പെട്ട് എന്നെ കൂട്ടിക്കുഴയ്ക്കുന്നത് റോയിയെ പെടുത്താന്‍ വേണ്ടിയാണ്. അവരോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് അതിലേക്കു എന്നെ വലിച്ചിഴയ്ക്കുന്നത്. ചെയ്തതാണെങ്കില്‍ ചെയ്തു എന്നു പറയാന്‍ ധൈര്യമുണ്ട്. അതിനുള്ള ശിക്ഷ അനുഭവിക്കും. ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞത് സത്യമല്ല എന്നു തെളിഞ്ഞാല്‍ ജീവനോടെ ഇല്ലെങ്കിലും എന്തായിരുന്നു അവരുടെ അജന്‍ഡ എന്നതു പുറത്തു കൊണ്ടുവന്നു ശിക്ഷ സമൂഹവും കോടതിയും നേടി കൊടുക്കണം'. അഞ്ജലി ആവശ്യപ്പെട്ടു.