'ഇനിയങ്ങനെ കറങ്ങേണ്ട'; രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാര്‍ത്ഥികളുടെ ചുറ്റിയടിക്കല്‍; കയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 08:57 PM  |  

Last Updated: 05th March 2022 08:57 PM  |   A+A-   |  

jeep-mvd

ജീപ്പിന് മുന്നില്‍ എംവിഡി ഉദ്യോഗസ്ഥര്‍

 

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാര്‍ത്ഥികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. കോട്ടക്കല്‍ കോളജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ രൂപമാറ്റം വരുത്തി കറങ്ങിയ ജീപ്പാണ് തിരൂരങ്ങാടി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയും ടയറുകളില്‍ രൂപമാറ്റം വരുത്തിയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ചുമാണ് ജീപ്പ് ഓടിച്ചിരുന്നത്. 

വാഹനത്തിന്റെ ആര്‍സി ഉടമക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും വാഹനം പഴയപടിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എംപി അബ്ദുല്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, എന്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ കക്കാട്, കോട്ടക്കല്‍, തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, ചേളാരി മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പെര്‍മിറ്റില്ലാതെയും ഫിറ്റ്‌നസ് ഇല്ലാതെയും ഇന്‍ഷ്വറന്‍സ് ഇല്ലാതെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടുപോയ നാല് വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.