ഒഴുകിയെത്തി ആയിരങ്ങൾ, തങ്ങൾക്ക് വിട; പുലർച്ചെ ഖബറടക്കം നടന്നു 

സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു. പാണക്കാട് ജുമാ മസ്ജിദിൽ പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് ഖബറടക്കം നടത്തിയത്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. 

പാതിരാത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടത്തിൻറെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട്, പുലർച്ചെ ഒരു മണിയോടെ ശരീരം മറവ് ചെയ്യുമെന്ന് പാണക്കാട് കുടുംബം അറിയിക്കുകയായിരുന്നു. ഭൗതിക ശരീരം ഏറെനേരം വയ്ക്കാൻ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് അറിയിച്ചത്. എങ്കിലും അവസാന നിമിഷം എത്തിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യവും അനിയന്ത്രിതമായ തിരക്കും കാരണം ഖബറടക്കം രണ്ട് മണിക്ക് ശേഷമാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, എ.കെ ശശീന്ദ്രൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് തുടങ്ങി പ്രമുഖരടക്കം ആയിരങ്ങൾ പാണക്കാട് തങ്ങൾക്ക് അന്തോപചാരം അർപ്പിച്ചു.

അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അന്ത്യം. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷം മൂന്നു മണിയോട് കൂടി മലപ്പുറത്ത് എത്തിച്ചു. ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. പിന്നീട് ടൗൺ ഹാളിൽ എത്തിച്ചു. വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ജനതിരക്ക് കാരണം മലപ്പുറം ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com