യുക്രൈയിന്‍: 734 മലയാളികളെക്കൂടി കേരളത്തില്‍ എത്തിച്ചു

യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി.
ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍
ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി.

ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു രാവിലെ പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178 ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 യാത്രക്കാരുമാണ് ഉണ്ടായത്. തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയില്‍ എത്തി. ഇതില്‍ 178 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്നു രാത്രി ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കൂടി ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തില്‍ 158 യാത്രക്കാരാണുള്ളത്.

യുക്രൈയിനില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഇന്ന് 227 വിദ്യാര്‍ഥികള്‍ എത്തി. ഇതില്‍ 205 പേരെയും നാട്ടില്‍ എത്തിച്ചു. സ്വദേശങ്ങളോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്ന് വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നത്. ഇന്ന് എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com