ചികിത്സ കഴിഞ്ഞ് വാവ സുരേഷ് വീണ്ടും എത്തി; പിടികൂടിയത്, അഞ്ച് മണിക്കൂർ വീട്ടുകാരെ മുൾമുനയിൽ നിർത്തിയ മൂർഖനെ! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 06:26 AM  |  

Last Updated: 07th March 2022 06:26 AM  |   A+A-   |  

vava suresh

ചിത്രം; ഫെയ്സ്ബുക്ക്

 

ആലപ്പുഴ: അഞ്ച് മണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂർഖനെ ഒടുവിൽ വാവ സുരേഷ് വന്ന് പിടികൂടി. പാമ്പു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. 

വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഒളിച്ച മൂർഖനെയാണ് വാവ സുരേഷ് പിടികൂടിയത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി  മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് രണ്ട് ബൈക്കുകൾ ഉണ്ടായിരുന്നു. മുകേഷിന്റെ മകൻ അഖിൽ വൈകീട്ട് മൂന്നരയോടെ ബൈക്കിൽ കയറുമ്പോഴാണ് പത്തി വിടർത്തിയ പാമ്പിനെ കണ്ടത്. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി.  

അതിനിടെ നാട്ടുകാരിൽ ചിലർ വാവ സുരേഷിനെ ഫോണിൽ വിളിച്ചു. ഉടൻ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി.

രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവർ നീക്കി ഹാൻഡിൽ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാർ നൽകിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ട് വയസുള്ള ചെറിയ മൂർഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിനു നാട്ടുകാർ സ്വീകരണം നൽകി.