ഐജി നിശാന്തിനി, തീപിടുത്തമുണ്ടായ വീട്/ ടെലിവിഷൻ ദൃശ്യം
ഐജി നിശാന്തിനി, തീപിടുത്തമുണ്ടായ വീട്/ ടെലിവിഷൻ ദൃശ്യം

തീ പടര്‍ന്നത് അകത്തുനിന്ന്?; മൂന്ന് കിടപ്പുമുറികളിലെയും എസി കത്തിയ നിലയില്‍, ഷോര്‍ട്ട് സര്‍ക്യൂട്ടെന്നു സംശയം

തീ പടര്‍ന്നപ്പോഴുള്ള പുക ശ്വസിച്ചാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍, അപകടത്തിന്റെ കാരണം വ്യക്തമാകാന്‍ വിശദമായ അന്വേഷണം വേണമെന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ നൗഷാദ്. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് കിടപ്പുമുറികളിലെയും എസി കത്തിയ നിലയിലാണ്. തീ പടര്‍ന്നപ്പോഴുള്ള പുക ശ്വസിച്ചാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

വീടിന്‍രെ ഹാളിലാണ് തീ കത്തിത്തുടങ്ങിയതെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലാകുന്നത്. തീപിടുത്തത്തെത്തുടര്‍ന്നുണ്ടായ പുകയാണ് മരണത്തിന് കാരണമെന്നാണ് കാണുന്നത്. പ്രാഥമിക പരിശോധനയില്‍ ദുരൂഹമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു. 

തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് അറിയുന്നതിനായി പൊലീസ്, ഫോറന്‍സിക്, ഫയര്‍ഫോഴ്‌സ് ടീമുകള്‍ പരിശോധന നടത്തിവരികയാണെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പറഞ്ഞു. അവരുടെ റിപ്പോര്‍ട്ട് കിട്ടിയാലേ അപകടകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ വാഹനങ്ങളില്‍ നിന്നാണോ തീ പടര്‍ന്നത് തുടങ്ങിയ സാധ്യതകളെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്.  

ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി. അയാള്‍ ചികിത്സയിലാണെന്നും സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. വീടിന്റെ ഇരുനിലകളിലെയും ഹാളുകള്‍ പൂര്‍ണമായും കത്തിയ നിലയിലെന്ന് ദക്ഷിണമേഖലാ ഐജി ആര്‍ നിശാന്തിനി പറഞ്ഞു. മുറികള്‍ പൂട്ടിയ നിലയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. പുലര്‍ച്ചെ ഒന്നേകാലോടെ തീ പടര്‍ന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 

വീടിനുള്ളിലെ ജിപ്‌സം വര്‍ക്കുകള്‍ തീ പടരാന്‍ കാരണമായിട്ടുണ്ടാകാമെന്നും ഐജി പറഞ്ഞു. ഈ ഘട്ടത്തില്‍ അസ്വാഭാവികത പറയാനാകില്ല. എല്ലാവശവും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ഐജി നിശാന്തിനി പറഞ്ഞു. പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകളും കത്തിയിട്ടുണ്ട്. അകത്തു നിന്നും പോര്‍ച്ചിലെ ബൈക്കിലേക്ക് തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  

വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഖില്‍, മരുമകള്‍ അഭിരാമി, അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകന്‍ നിഹുല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com