തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ വിളിച്ചു വരുത്തി, വഴക്കിനിടെ താലി കെട്ടുന്നത് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി, ഗായത്രി ആത്മഹത്യയ്ക്കും ശ്രമിച്ചു; പ്രവീണിന്റെ മൊഴി പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 06:57 AM  |  

Last Updated: 08th March 2022 06:57 AM  |   A+A-   |  

gayathri murder case

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമായ കൊലപാതകം അല്ലെന്ന് പ്രതി പ്രവീണിന്റെ മൊഴി. പ്രണയബന്ധവുമായി ബന്ധപ്പെട്ട തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് ഗായത്രിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനിടെ ഗായത്രി താലികെട്ടുന്ന ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി ഇട്ടു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ ഗായത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. 

പിന്നീടും തര്‍ക്കം തുടര്‍ന്നെന്നും, പെട്ടെന്നുള്ള ദേഷ്യത്തില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രവീണിന്റെ മൊഴി. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല. ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മുന്‍കൂട്ടി തീരുമാനിച്ചശേഷം ഹോട്ടലില്‍ മുറിയെടുത്ത് ഗായത്രിയെ പ്രതി വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. 

കൊലപ്പെടുത്തിയ ശേഷം പ്രവീണ്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഗായത്രിയുടേത് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഗായത്രിയുടെ ഫോണ്‍ എടുത്തശേഷം ഫെയ്‌സ്ബുക്കില്‍ താനുമൊത്തുള്ള ചില ചിത്രങ്ങള്‍ പ്രതി പ്രവീണ്‍ അപ്‌ലോഡ് ചെയ്തു. അതിനുശേഷം മുറി പൂട്ടി പുറത്തുപോയെന്നും പ്രവീണ്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് കൊല്ലത്ത് എത്തി അഭിഭാഷകനെ കണ്ടു. കൊലപാതക വിവരം അദ്ദേഹത്തെ അറിയിച്ചു. പൊലീസില്‍ കീഴടങ്ങാന്‍ അഭിഭാഷകന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് കീഴടങ്ങാന്‍ പോകുമ്പോഴാണ് ഷാഡോ പൊലീസ് പിടികൂടിയതെന്ന് പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടില്‍ ഗായത്രി ദേവിയെയാണ് (24) കഴിഞ്ഞദിവസം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.