തിരുവനന്തപുരത്ത് നാലു പൊലീസുകാര്‍ക്ക് കുത്തേറ്റു; മയക്കുമരുന്ന് കേസ് പ്രതി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 07:21 PM  |  

Last Updated: 08th March 2022 08:11 PM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കഞ്ചാവ് കേസ് പ്രതി മുഹമ്മദ് അനസിന്റെ ആക്രമണത്തിൽ നാലു പൊലീസുകാർക്ക് കുത്തേറ്റു. അനസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പൊലീസ് സ്‌റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്ക് നേരെയാണ്‌ കഞ്ചാവ് കേസ് പ്രതി അനസിന്റെ ആക്രമണമുണ്ടായത്. പിടികിട്ടാപ്പുള്ളിയായിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. പൊലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.

ചന്തു, ജയന്‍, ശ്രീജിത്ത്, വിനോദ് എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതി മുഹമ്മദ് അനസിനെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.