ആന്റണിക്ക് പകരമാര്?; മുല്ലപ്പള്ളി, വിടി ബല്‍റാം, ചെറിയാന്‍ ഫിലിപ്പ്; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 07:38 AM  |  

Last Updated: 08th March 2022 07:38 AM  |   A+A-   |  

mullappally

മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമൊപ്പം/ ഫയൽ

 

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, സംസ്ഥാന കോണ്‍ഗ്രസില്‍ ആന്റണിക്ക് പകരം സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചന തുടങ്ങി. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടതു ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ്, മുന്‍ എംഎല്‍എയുടെ കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാം തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. 

തൃക്കാക്ക നിയമസഭ ഉപതെരഞ്ഞെടുപ്പിലും വി ടി ബല്‍റാമിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ഇല്ലെങ്കില്‍ ബല്‍റാമിനെ ഇറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് എകെ ആന്റണി ഇന്നലെ വ്യക്തമാക്കിയിരുന്നു. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും, ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ നന്ദി അറിയിച്ചതായും ആന്റണി പറഞ്ഞു. 

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. കേരളത്തില്‍ എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.