വെണ്‍മണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാം പ്രതിക്ക് ജീവപര്യന്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 01:14 PM  |  

Last Updated: 08th March 2022 01:14 PM  |   A+A-   |  

Venmani double murder case: Death sentence for main accused

പ്രതികൾ/ ടെലിവിഷൻ ദൃശ്യം

 

ആലപ്പുഴ: ചെങ്ങന്നൂര്‍ വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. ഒന്നാം പ്രതി ലബിലു ഹസനാണ് വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹസന് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇരുവരും ബംഗ്ലാദേശ് പൗരന്മാരാണ്. 

മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.

2019 നവംബർ 11ന് ആണ് കൊലപാതകം നടന്നത്.നവംബർ 7നും 10നും ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്.

കൊലപാതകത്തിനു ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ചു കടന്ന പ്രതികളെ 2019 നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു.

കൊലപാതകം, കുറ്റകൃത്യം ചെയ്യാൻ വീടിനുള്ളിൽ അതിക്രമിച്ചു കടന്നു, കവർച്ച എന്നീ കുറ്റങ്ങൾക്ക് പ്രതികൾ ശിക്ഷാർഹരാണെന്നു കണ്ടെത്തിയ കോടതി രണ്ടു പേരും തുല്യമായി കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കണ്ടെത്തിയിരുന്നു.