'അതേ നാണയത്തില്‍ തിരിച്ചടിക്കും, ചെണ്ട കൊട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട'

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th March 2022 01:24 PM  |  

Last Updated: 09th March 2022 01:24 PM  |   A+A-   |  

cp mathew against cv varghese

സി വി വര്‍ഗീസ്, സി പി മാത്യു/ ഫയല്‍

 

തൊടുപുഴ: സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പ്രകോപന പ്രസംഗത്തിന് മറുപടിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. സിപിഎമ്മിന്റെ അതേ നാണയത്തില്‍ തിരിച്ചടിക്കും. ചെണ്ട കൊട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. വേട്ടപ്പട്ടിയെ വിട്ട് കുരപ്പിക്കാതെ, അതിന് മാടമ്പിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും സി പി മാത്യു ആവശ്യപ്പെട്ടു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ സംരക്ഷിക്കാനുള്ള കെല്‍പ്പും ശേഷിയും കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് മുമ്പില്‍, ജയരാജന്‍മാരുടെ ബോംബ് സ്‌ക്വാഡിന് മുമ്പില്‍, അതിനെ നിര്‍വീര്യമാക്കിയ പാരമ്പര്യമാണ് കെ സുധാകരനുള്ളത്.

കെ സുധാകരന്റെ ദേഹത്തുതൊടാനുള്ള ശേഷി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളവര്‍ക്കില്ല. അക്രമരാഷ്ട്രീയത്തെ പോത്സാഹിപ്പിക്കുകയാണ് സിപിഎം. ഇത് ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും സിപി മാത്യു പറഞ്ഞു.

വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് സതീശൻ

വിവാദ പ്രസംഗത്തിൽ സി വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. വര്‍ഗീസിന്‍റേത് ഗുണ്ടാനേതാവിന്‍റെ ഭാഷ്യം, കെ.സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സി വി വര്‍ഗീസ് കവലച്ചട്ടമ്പിയെന്ന് ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു. കെ.സുധാകരന്റെ രോമത്തിന്റെ വിലപോലും സി വി വര്‍ഗീസിനില്ല. വിവാദപരാമര്‍ശം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഡീന്‍‌ കുര്യാക്കോസ് പ്രതികരിച്ചു. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമെന്നുമായിരുന്നു വർഗീസിന്റെ വിവാദ പരാമർശം.