ഹോട്ടലില്‍ മുറിയെടുത്തത് ദമ്പതികളെന്ന പേരില്‍; സിക്‌സിയുമായി വഴക്കിട്ടു; കൊലപ്പെടുത്തുമ്പോള്‍ ബിനോയ് ഒറ്റയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 06:57 PM  |  

Last Updated: 09th March 2022 09:11 PM  |   A+A-   |  

kaloor_mudrder

അറസ്റ്റിലായ പ്രതി ബിനോയ്‌

 


കൊച്ചി: കലൂരില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തു വരുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മരണം സംഭവിക്കുന്നത് ഈ കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസുള്ള കുഞ്ഞിന്റെയും സംരക്ഷണ സംബന്ധിച്ച കേസ് ചൈല്‍ഡ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ. ഈ കുഞ്ഞിന്റെ മാതാവ് അങ്കമാലി സ്വദേശിനി മൂന്നു മാസം മുമ്പാണ് വിദേശത്തു പോയത്.

അമ്മയുടെ വീട്ടില്‍ വച്ചു കുഞ്ഞുങ്ങള്‍ക്കു പൊള്ളലേറ്റെന്നും സംരക്ഷണ അവകാശം നല്‍കണമെന്നും കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാര്‍ അവകാശ വാദം ഉന്നയിക്കുകയായിരുന്നു. ഇതോടെ സംരക്ഷണം കുഞ്ഞുങ്ങളുടെ അച്ഛനു ലഭിക്കുകയായിരുന്നു. ഇതിനിടെ തര്‍ക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ലിയുസി തന്നെ സംരക്ഷിക്കാം എന്ന ആലോചനയിലെത്തി. കുഞ്ഞിന്റെ അമ്മയുമായി സംസാരിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലെത്തുമെന്നും കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാം എന്ന് അറിയിക്കുകയുമായിരുന്നു. ഇതിനിടെയാണ് സംഭവം

കുഞ്ഞു മരിച്ച ദിവസം കുഞ്ഞുങ്ങളുമായി പിതാവിന്റെ അമ്മ ദീപ്തി ഷാജി എറണാകുളത്തേയ്ക്കു വരികയായിരുന്നു. ഇവര്‍ക്ക് കൊച്ചിയിലുള്ള സുഹൃത്തുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തര്‍ക്കം ഉണ്ടായെന്നും പറയുന്നു. ഇവര്‍ക്കു മര്‍ദനം ഏല്‍ക്കുന്ന സാഹചര്യവുമുണ്ടായതായി കുഞ്ഞുങ്ങളുടെ പിതാവ് പറയുന്നു. വൈകിയതിനാലാണ് രാത്രി ഇവിടെ മുറിയെടുത്തു താമസിച്ചതത്രെ.

കുഞ്ഞു മരിക്കുമ്പോള്‍ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോണ്‍ ബിനോയ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോള്‍ നെറുകയില്‍ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടല്‍ മുറിയിലേയ്ക്ക് എത്തിയ ഇവര്‍ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോള്‍ തോളില്‍ അബോധാവസ്ഥയില്‍ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു.