പടക്കവും പൂത്തിരിയും വിൽക്കാൻ ലൈസൻസ്, വിറ്റത് ഗൺ പൗഡർ; യൂട്യൂബർ പശുവിനെ വെടിവച്ചു കൊന്ന കേസി‍ൽ ഒരാൾകൂടി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 08:43 AM  |  

Last Updated: 09th March 2022 08:43 AM  |   A+A-   |  

youtuber_killed_cow

സജീവ്

 

കൊല്ലം: പശുവിനെ വെടിവച്ചു കൊന്ന കേസി‍ൽ പിടിയിലായ യൂട്യൂബർക്ക് വെടിമരുന്നു നൽകിയ ആൾ അറസ്റ്റിൽ. കടയ്ക്കൽ ഐരക്കുഴി സ്വദേശി സജീവാണ് (60) പിടിയിലായത്. പടക്കവും പൂത്തിരിയും വിൽക്കാൻ ലൈസൻസുള്ള സജീവ് തോക്കിൽ നിറയ്ക്കാനുള്ള ഗൺ പൗഡറാണു മൃഗവേട്ടക്കാർക്കു നൽകിയതെന്ന് പൊലീസ് പറഞ്ഞു. 

ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ചിതറ സ്വദേശിയായ യൂട്യൂബർ റജീഫും പിതാവ് കമറുദീനും അടങ്ങുന്ന സംഘം തോട്ടത്തിൽ മേയാൻ എത്തുന്ന കാലികളെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചിയാക്കി യൂട്യൂബിൽ കുക്കറി ഷോ നടത്തുകയും പിന്നീട് ഇറച്ചി വിൽപ്പന നടത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് സജീവ്. 

'ഹംഗ്‌റി ക്യാപ്റ്റന്‍' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണ് റെജീഫ്. മാംസവിഭവങ്ങള്‍ തയ്യാറാക്കുന്ന വിഡിയോകളാണ് ഇയാളുടെ ചാനലില്‍ പങ്കുവെച്ചിരുന്നത്. കഴിഞ്ഞദിവസം സജി എന്നയാളുടെ ഗര്‍ഭിണിയായ പശുവിനെ വെടിവെച്ച് കൊന്ന് മാംസം കടത്തി. സംഭവത്തില്‍ സജി പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.