ക്ലാസ് നേരത്തേ വിട്ടു, കൂട്ടുകാർക്കൊപ്പം നീന്താൻ എത്തി; മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 06:28 AM  |  

Last Updated: 09th March 2022 06:28 AM  |   A+A-   |  

drowned to death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കുട്ടനാട് മണിമലയാറ്റിൽ പ്ലസ്ടു വിദ്യാർഥി നീന്തുന്നതിനിടെ മുങ്ങി മരിച്ചു. രാമങ്കരി സ്വദേശികളായ ജോജിയുടെയും ജോമോളുടെയും മൂത്ത മകൻ ജോയൽ (17) ആണു മരിച്ചത്. ക്ലാസ് നേരത്തേ വിട്ടതിനാൽ കൂട്ടുകാർക്കൊപ്പം നീന്താൻ എത്തിയതാണ് ജോയൽ. നീന്തുന്നതിനിടെ മുങ്ങിത്താണ ജോയലിനെ കരയ്ക്കുകയറ്റാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

ഇന്നലെ ഉച്ചയ്ക്കു രണ്ട് മണിയോടെ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപത്തുള്ള കടവിലാണ് അപകടമുണ്ടായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാൻ ജങ്കാർ കടവിലെത്തിയ വിദ്യാർഥികൾ ജങ്കാർ മറുകരയിലായതിനാൽ കുളിക്കാനായി കടവിലേക്കു പോവുകയായിരുന്നു. യൂണിഫോം കരയിൽ അഴിച്ചു വച്ചശേഷമാണു ആറ്റിലിറങ്ങിയത്. ജോയലിനു നീന്തൽ വശമില്ലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. 

പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.