15കാരിയെ ഗര്‍ഭിണിയാക്കി; പ്രതിയ്ക്ക് 60 വര്‍ഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 08:20 PM  |  

Last Updated: 09th March 2022 08:20 PM  |   A+A-   |  

POCSO Case Culprit Gets 60 Years Jail

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് 60 വര്‍ഷം തടവ്. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ രാജീവ് എന്ന സുനിലിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.

പോക്‌സോ ആക്ട് 5(1) പ്രകാരം 30വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (n) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ കാലാവധി പൂര്‍ത്തിയാകും.

2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. പ്രതി അച്ചന്‍കോവിലില്‍നിന്നു ജോലി തേടി കോന്നിയില്‍ എത്തിയ സമയം കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടില്‍ താമസിക്കവെ 15 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക പതിവായിരുന്നു.വിദ്യാഭ്യാസ സൗകര്യത്തിനായി ഹോസ്റ്റലിലേക്കു മാറിയ പെണ്‍കുട്ടി വയറുവേദനയ്ക്കു ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലായത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.