മാനന്തവാടിയില്‍ കടുവയിറങ്ങി; മയക്കുവെടി വയ്ക്കാന്‍ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 08:27 PM  |  

Last Updated: 09th March 2022 08:27 PM  |   A+A-   |  

WAYANAD TIGER

പ്രതീകാത്മക ചിത്രം

 

മാനന്തവാടി: വയനാട് മാനന്തവാടിയിലെ കല്ലിയോട് പ്രദേശത്ത് കടുവയിറങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് എത്തി സ്ഥലത്ത് പരിശോധന നടത്തി. കല്ലിയോട് മുസ്ലിം പള്ളിക്ക് സമീപമാണ് കടുവയിറങ്ങിയത്. രാവിലെ 11 മണിയോടെ് മാനന്തവാടി പിലാക്കാവ് ജെസി എസ്റ്റേറ്റിലേക്ക് കടുവ പോകുന്നത്  കണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. 

നായ്ക്കള്‍ നിര്‍ത്താതെ കുരച്ചത് പ്രദേശവാസികള്‍ ശ്രദ്ധിച്ചപ്പോഴാണ് കടുവയാണെന്ന് മനസ്സിലായത്. തേയിലത്തോട്ടത്തില്‍ കടുവ അവശ നിലയിലാണെന്ന് വനംവകുപ്പ് എത്തി സ്ഥിരീകരിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ ദര്‍ശന്‍ ഘട്ടാണിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തയത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുള്ള ദ്രുതകര്‍മ്മസേനയും ഡോക്ടറുമടങ്ങുന്ന സംഘം നാലുമണിയോടെ പ്രദേശത്ത് എത്തിയിട്ടുണ്ട്. 

കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം നടക്കുകയാണ്.നാട്ടുകാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ജെസ്സി എസ്റ്റേറ്റിന്റെ പരിസരത്ത് ആളുകള്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വനപാലകര്‍ അറിയിച്ചു. 

മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്‍, സിഐ കരീം, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കല്ലിയോട്.