അധ്യാപകരായി ജോലിയില്‍ പ്രവേശിച്ച് അവധിയില്‍ പോയവരുടെ കണക്കെടുക്കും: മന്ത്രി വി ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 07:16 PM  |  

Last Updated: 09th March 2022 07:16 PM  |   A+A-   |  

sivankutty

മന്ത്രി വി ശിവൻകുട്ടി/ഫയല്‍

 

തിരുവനന്തപുരം: അധ്യാപകരായി ജോലിയില്‍ പ്രവേശിച്ച് ദീര്‍ഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ അവരുടെ ചുമതലപ്പെട്ട ജോലിയില്‍ നിന്നും മാറി മറ്റു ജോലികള്‍ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പിഎസ്‌സി അഡ്‌വൈസ് മെമ്മോ നല്‍കിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ നിയമനം നല്‍കുന്നില്ലെന്ന് ചില കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീര്‍പ്പാക്കാന്‍ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ പരാതി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥര്‍ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയല്‍ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സത്വര നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകും.

അദാലത്തിലൂടെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടപടിയുണ്ടാകും. വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 48.5 ശതമാനത്തിന്മേല്‍ കര്‍ശനമായ ഇടപെടലിലൂടെ തീര്‍പ്പുണ്ടാക്കി. ഈ മാതൃക മറ്റ് വിദ്യാഭ്യാസ ഓഫീസുകളിലും പിന്തുടരുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.