തീ പടര്‍ന്നത് കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്, തീപ്പൊരി ബൈക്കില്‍ വീണ് പൊട്ടിത്തെറിച്ചു; വീട്ടിനുള്ളിലേക്ക് പടര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 04:39 PM  |  

Last Updated: 09th March 2022 04:39 PM  |   A+A-   |  

Five killed in Varkala house fire

അപകടത്തിൽ മരിച്ചവർ

 

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ തീപ്പൊരി കാര്‍ പോര്‍ച്ചിലെ ബൈക്കില്‍ വീണു. തുടര്‍ന്ന് ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീ വീട്ടിനുള്ളിലേക്ക് പടര്‍ന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം അട്ടിമറി സാധ്യത വീണ്ടും പൊലീസ് തള്ളി. 

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്‍പിഎന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ (ബേബി-62), ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍ (29), മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന്‍ റയാന്‍ (8 മാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റും പുകയില്‍ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം.നിഹുല്‍(32) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഹുലിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

പുക ശ്വസിച്ചതാണ് മരണകാരണം

പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏല്‍ക്കാത്തതും വസ്ത്രങ്ങളില്‍ തീപടരാത്തതുമാണ് ഈ നിഗമനത്തിനു പിന്നില്‍. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ ജിപ്‌സം ഉപയോഗിച്ച് നടത്തിയ ഇന്റീരിയര്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയതായും സൂചനയുണ്ട്. എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടര്‍ന്നപ്പോള്‍ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും വിലയിരുത്തലുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച റേഞ്ച് ഐജി ആര്‍ നിശാന്തിനി മാധ്യമങ്ങളോടു പറഞ്ഞു.

പുലര്‍ച്ചെ ഒന്നരയോടെ അയല്‍വാസിയായ കെ ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാര്‍പോര്‍ച്ചിനു തീപിടിച്ചതു കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാര്‍ വീട്ടിനു ചുറ്റും എത്തുന്നതിനിടെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കളഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്കു കയറിയത്.

ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടത്. പ്രതാപന്റെയും ഷേര്‍ലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകന്‍ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയതെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.