സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങള്‍, മറയായി കുട്ടികള്‍; ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയത് മുത്തശ്ശിയോടുള്ള വൈരാഗ്യം?

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th March 2022 07:31 AM  |  

Last Updated: 10th March 2022 07:31 AM  |   A+A-   |  

NORA MARIA MURDER CASE

മരിച്ച നോറമരിയ, സിപ്‌സി/ സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 

കൊച്ചി: കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ പ്രതി ജോണ്‍ ബിനോയി ഡിക്രൂസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മൂമ്മ സിപ്‌സി ഒരു അടിമയെപ്പോലെ തന്നെ ഉപയോഗിക്കുന്നതിന്റെ വൈരാഗ്യമാണ് പ്രതി ജോണ്‍ ബിനോയി കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രാഥമിക മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന.

കൊല്ലപ്പെട്ട നോറമരിയയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് സൂചിപ്പിച്ചു. സിപ്‌സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവര്‍ക്ക് സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ലഹരി മരുന്ന് ഇടപാടുകള്‍ക്ക് മറയായും സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവരുടെ നടപടികളെ എതിര്‍ത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുട്ടികളെ ഡിക്‌സിക്കു വിട്ടു കൊടുത്തിരുന്നില്ല. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താന്‍ ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയിട്ടും വേണ്ട ഗൗരവത്തില്‍ അന്വേഷിച്ചില്ലെന്നും ഡിക്‌സി പറയുന്നു.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മൂമ്മ സിപ്‌സിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്‌കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയില്‍ വച്ച് നടന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെ കുട്ടിയുടെ അമ്മ ഡിക്‌സിയുടെ വീട്ടിലേക്ക് എത്തിയ പിതാവ് സജീവിനെ നാട്ടുകാര്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. സജീവിന്റെ കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു.

കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ ഡിക്‌സി വിദേശത്തു നിന്നും എത്തിയിരുന്നു. സജീവിന്റെ അമ്മ സിപ്‌സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാല് വയസുകാരന്‍ മകനെ ഡിക്‌സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.