കോളജ് വിദ്യാർഥിനിയുടെ യൂണിഫോമിൽ എത്തി; യുവതി ജ്വല്ലറിയിൽ നിന്ന്‌ കാൽലക്ഷം കവർന്നു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2022 10:37 AM  |  

Last Updated: 10th March 2022 10:38 AM  |   A+A-   |  

stole_money

മോഷണത്തിന്റെ സിസിടിവി ദൃശ്യം

 

തിരുവനന്തപുരം: കോളജ് വിദ്യാർഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ കാൽ ലക്ഷം രൂപ കവർന്നു. സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജങ്ഷനു സമീപത്തെ വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിലാണ് മോഷണം.

ആദ്യം ജ്വല്ലറിയിൽ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറിൽ നിന്ന് ഒരു പഴ്സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളിൽ നിന്ന് ഒരു കെട്ട് നോട്ടുമായി പുറത്തു പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. നെയ്യാറ്റിൻകരയിലെ ഒരു ബ്യൂട്ടി പാർലറിൽ എത്തിയ യുവതിയും പണം തികയാത്തതു മൂലം തിരികെ പോയിരുന്നു. ഈ യുവതിയും മോഷണം നടത്തിയ യുവതിയും ഒന്നാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബ്യൂട്ടി പാർലറിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.