കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു; ആറ് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 07:13 PM  |  

Last Updated: 11th March 2022 07:13 PM  |   A+A-   |  

arun

അരുൺ കുമാർ

 

പാലക്കാട്: ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മാർച്ച് രണ്ടിനായിരുന്നു ആക്രമണം.

സിപിഎം പ്രവർത്തകരാണ് കൊലപ്പെടുത്തിയതെന്നു ബിജെപി ആരോപിച്ചു. സംഭവത്തിൽ നേരത്തെ രണ്ട് പേരെയും ഇന്ന് നാല് പേരെയും അറസ്റ്റ് ചെയ്തു. എല്ലാവരും ഡിവൈഎഫ്ഐ– സിപിഎം പ്രവർത്തകരാണ്.

മാർച്ച് രണ്ടിന് പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയിലാണ് അരുൺ കുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. 

സംഭവത്തിൽ കൃഷ്ണദാസ്, മണികണ്ഠൻ എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി ഇപ്പോഴും ഒളിവിലാണ് എന്നാണ് വിവരം. 

അരുൺ കുമാറിൻ്റെ മരണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ വൈകീട്ട് ആറ് വരെ ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.