ആലത്തൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 07:00 AM  |  

Last Updated: 12th March 2022 07:00 AM  |   A+A-   |  

Hartal today in Alathur taluk

ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം

 

പാലക്കാട്: യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലത്തൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 

ഉത്സവത്തിനിടെ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാര്‍ (28) ആണ് മരിച്ചത്. സംഭവത്തില്‍ 6 പേരെ അറസ്റ്റ് ചെയ്തു. 

മാര്‍ച്ച് 2ന് വൈകിട്ട് പഴമ്പാലക്കോട് വടക്കേപാവടി മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചു സത്യകുംഭം പുഴയില്‍ ഒഴുക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഘര്‍ഷം. ആദ്യം തര്‍ക്കമുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടു ലാത്തി വീശി ഇവരെ പറഞ്ഞുവിട്ടു. 

പിന്നീട് പുഴയില്‍ ചടങ്ങുകള്‍ക്കു ശേഷം മടങ്ങുമ്പോഴാണു വീണ്ടും സംഘര്‍ഷമുണ്ടായതും അരുണ്‍കുമാറിനു കുത്തേറ്റതും. ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതം മൂലം ഇന്നലെ വൈകിട്ട് അരുണ്‍കുമാര്‍ മരിച്ചു. സിപിഎം, ഡിവൈഎഫ്‌ഐ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു.