വസ്ത്രം ഉരിഞ്ഞുകളയാന്‍ ശ്രമം, പൊലീസുകാര്‍ക്കെതിരെ അസഭ്യവര്‍ഷം; സിപ്‌സി പിടിയിലായത് ബീമാപ്പള്ളിയില്‍ വേഷം മാറി കഴിയുന്നതിനിടെ

തിരുവനന്തപുരം ബീമാപള്ളിയില്‍ വേഷം മാറി കഴിയുന്നതിനിടെയാണ് സിപ്‌സിയെ  പൊലീസ് പിടികൂടിയത്
സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍/ ടെലിവിഷന്‍ ദൃശ്യം
സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍/ ടെലിവിഷന്‍ ദൃശ്യം

കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ തിരുവനന്തപുരം ബീമാപള്ളിയില്‍ വേഷം മാറി കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന ലഭിച്ചതോടെ, ഇന്നലെ രാത്രിയാണ് സിപ്‌സി തിരുവനന്തപുരത്തെത്തിയത്. രാത്രി തമ്പാനൂരിലെ ലോഡ്ജിലാണ് ഇവര്‍ തങ്ങിയത്. 

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാവിലെയോടെ ഇവര്‍ പൂന്തുറ ബീമാപ്പള്ളിയിലേക്ക് പോയി. പൂന്തുറയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ ഒളിവില്‍ താമസിക്കുക ലക്ഷ്യമിട്ടാണ് ഇവരെത്തിയത്. ഇവിടെ വേഷം മാറി കഴിയുന്നതിനിടെയാണ് സിപ്‌സി പിടിയിലാകുന്നത്. ഇവര്‍ പൂന്തുറയിലെത്തിയതിന് പിന്നാലെ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. 

ജുവനൈല്‍ ജസ്റ്റിസ് നിയമം 77 വകുപ്പ് പ്രകാരമാണ് സിപ്‌സിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ പൂന്തുറ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനില്‍ വെച്ച് ഇവര്‍ പൊലീസുകാര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി. വസ്ത്രം ഉരിഞ്ഞ് കളയാനും ശ്രമിച്ചു. വനിതാ പൊലീസുകാര്‍ എത്തിയാണ് ഇവരെ അടക്കിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഇവിടെ നിന്നും ഇവരെ കൊച്ചിയിലേക്ക് കൊണ്ടുവരും. 

നിരവധി കേസുകളില്‍ പ്രതിയായ സിപ്‌സി മുമ്പും പൊലീസുകാരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി വിവസ്ത്രയായി ഓടുക, ദേഹത്ത് മലം പുരട്ടുക, പൊലീസ് സ്റ്റേഷനു മുകളില്‍ നിന്ന് ആത്മഹത്യാഭീഷണി മുഴക്കുക തുടങ്ങിയ കുതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സിപ്‌സിയും മകന്‍ സജീവും ഉള്‍പ്പെട്ടിട്ടുണ്ട്. 

സിപ്‌സിയുടെ മകനും കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനുമായ സജീവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളും തിരുവനന്തപുരത്ത് ഒളിവില്‍ താമസിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 

കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന്‍ സജീവിനുണ്ട്. എന്നാല്‍ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ, സംരക്ഷണചുമതല സിപ്‌സിക്ക് ലഭിച്ചതെങ്ങനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ മുത്തശ്ശി സിപ്‌സിയുടെ 'ബോയ്ഫ്രണ്ട്' ജോണ്‍ ബിനോയ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com