ഗുണ്ടാസംഘത്തിനൊപ്പം യൂണിഫോമിൽ മദ്യപാനം, ഫോട്ടോ പുറത്തായി; പൊലീസുകാരന് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 08:45 AM  |  

Last Updated: 13th March 2022 08:45 AM  |   A+A-   |  

police_officer_pothankodu

​ഗുണ്ടകൾക്കൊപ്പം മദ്യപിക്കുന്ന പൊലീസുകാരൻ

തിരുവനന്തപുരം; ​ഗുണ്ടാ സംഘത്തിനൊപ്പം യൂണിഫോമിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത പൊലീസുകാരന് സസ്പെൻഷൻ. തിരുവനന്തപുരം പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മദ്യവിരുന്നിന്റെ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെയാണ് നടപടി. 

കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളായവരാണ് ജിഹാനൊപ്പം മദ്യപാന സംഘത്തിലുണ്ടായിരുന്നത്. അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്‍റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂര്‍പ്പാറ കുട്ടിനാണ് പൊലീസുകാരന് മദ്യസത്കാരമൊരുക്കിയത്. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസമാണ് മദ്യസത്കാരമെന്നാണ് വിവരം.

യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐജി നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. ജിഹാന്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശനല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്.