സ്ത്രീയെ മൊബൈലിൽ വിളിച്ച് അസഭ്യം; പൊലീസ് എത്തിയപ്പോൾ കൈ ‍ഞരമ്പ് മുറിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവ് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 12:53 PM  |  

Last Updated: 13th March 2022 12:53 PM  |   A+A-   |  

jackson

ജാക്‌സൺ

 

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. പെരുന്ന കുരിശുംമൂട്ടിൽ വീട്ടിൽ ജാക്‌സൺ (27) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസിലാണ് അറസ്റ്റ്. കോട്ടയം കുടമാളൂർ ഭാഗത്ത് ഒരുവീട്ടിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. 

അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ മുറിക്കകത്ത് കയറി ഇയാൾ കൈ ഞരമ്പ് മുറിച്ചു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സ്റ്റാൻലിയെന്ന പൊലീസുകാരന് പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

കോട്ടയം, തൃക്കൊടിത്താനം, കറുകച്ചാൽ, മണിമല പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി.

ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, ഡിവൈഎസ്പി ആർ ശ്രീകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.