ദിലീപ് നശിപ്പിച്ചത് 12 പേരുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ, എല്ലാം നടിയെ ആക്രമിച്ച കേസുമായി ബന്ധമുള്ള നിർണായക വ്യക്തികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 09:59 AM  |  

Last Updated: 13th March 2022 09:59 AM  |   A+A-   |  

Dileep destroys WhatsApp chats

ദിലീപ്/ ഫയൽ ചിത്രം

 

കൊച്ചി; വധ​ഗൂഢാലോചന കേസിനെ അട്ടിമറിക്കാൻ  ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 12 നമ്പരിലേക്കുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളുമായുള്ള ചാറ്റുകളാണ് നീക്കം ചെയ്തത്. 

നശിപ്പിച്ച ചറ്റുകൾ വീണ്ടെടുക്കാൻ ഫൊറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറൻസിക്‌ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം. മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. 

മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി. വിന്‍സെന്റ് ചൊവ്വല്ലൂരാണ് ദിലീപിന് ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് മുന്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാള്‍.

അഭിഭാഷകന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ലാബിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന് വിന്‍സെന്റ് ഒരു ചാനലിനോട് പറഞ്ഞു. തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരാളാണ്. മുംബൈയിലെ ഏറ്റവും നല്ല ഫോറന്‍സിക് ലാബ് ഏതാണെന്ന് അഭിഭാഷകന്‍ ചോദിച്ചതു പ്രകാരമാണ് താന്‍ അന്വേഷിച്ച് മറുപടി നല്‍കിയത്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കിയ കഴിഞ്ഞവര്‍ഷമാണ്, നല്ല ഫോറന്‍സിക് ലാബ് ഏതെന്ന് ചോദിച്ചതെന്നും വിന്‍സെന്റ് പറഞ്ഞു. അതനുസരിച്ച് ഈ ലാബ് കണ്ടെത്തി പരിചയപ്പെടുത്തിക്കൊടുത്തു. കൊറിയര്‍ മുഖേനയാണ് ആദ്യം ഫോണുകള്‍ ലാബിലേക്ക് അയച്ചത്. പിന്നീട് അഭിഭാഷകരും ലാബ് ഡയറക്ടറുമാണ് നേരിട്ടു ബന്ധപ്പെട്ടു കൊണ്ടിരുന്നത്.

മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്, ഫോണുകള്‍ വാങ്ങാനായി അഭിഭാഷകര്‍ നേരിട്ട് മുംബൈയിലെത്തി. അപ്പോള്‍ തന്നെ വിളിച്ചിരുന്നു. അതനുസരിച്ച് താനും ഇവര്‍ക്കൊപ്പം ലാബില്‍ പോയിരുന്നതായും വിന്‍സെന്റ് ചൊവ്വല്ലൂര്‍ പറയുന്നു.  ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കി നാലു ഫോണുകളിലെയും ചില ഫയലുകള്‍ നീക്കം ചെയ്തുവെന്ന് ലാബ് ഉടമ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.