ദോശയ്ക്കൊപ്പം സാമ്പാറ് നൽകി, ഒരാൾക്ക് 100 രൂപ വീതം ബിൽ, തർക്കം; വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 08:02 AM  |  

Last Updated: 13th March 2022 08:02 AM  |   A+A-   |  

SAMBAR

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഹോട്ടലിലെ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് 100 രൂപ വിലയിട്ടത് ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഉടമ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു. രാമക്കൽമേട്  കൊമ്പംമുക്കിലെ ഹോട്ടൽ ഉടമയും കോട്ടയത്തുനിന്നുള്ള സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. 

കൊമ്പംമുക്കിലുള്ള ഹോട്ടലിൽ മുറിയെടുത്ത കോട്ടയത്തുനിന്നുള്ള ആറുപേർ ശനിയാഴ്ച പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് തർക്കമുണ്ടായത്.  ദോശയ്ക്ക് മിനിമം വിലയും ഒപ്പം നൽകിയ സമ്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കിയാണ് ഹോട്ടലുടമ ബിൽ നൽകിയത്. ഇത് ചോദ്യംചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്. 

വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാൾ സംഭവം വിഡിയോയിൽ പകർത്തിയതോടെയാണ് ഹോട്ടലുടമ ഇവരെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്. പൊലീസിനൊപ്പം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ്‌ അസോസിയേഷൻ, ഹോംസ്റ്റേ റിസോർട്ട് അസോസിയേഷൻ ഭാരവാഹികളും സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.