ലൈം​ഗികാതിക്രമം; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 11:48 AM  |  

Last Updated: 13th March 2022 11:48 AM  |   A+A-   |  

make_up_artist

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു യുവതി കൂടി ലൈംഗികാതിക്രമത്തിന് പരാതി നൽകി. ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയാണ് ഇ മെയിൽ വഴി പരാതി നൽകിയത്. 

2015ലാണ് അതിക്രമം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹ മേക്കപ്പിനിടെ മോശമായി സംസാരിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. 

നേരത്തെ വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു മൂന്ന് യുവതികൾ ഇ മെയിൽ മുഖേന സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകിയിരുന്നു. തുടർന്ന് മൂന്ന് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.

ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണു യുവതികളുടെ പരാതി. 2019ൽ വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത താൻ ട്രയൽ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുൻപു സ്റ്റുഡിയോയിൽ എത്തിയപ്പോൾ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി. ഇതോടെ മേക്കപ് ചെയ്യുന്നതു നിർത്താൻ ആവശ്യപ്പെട്ടെന്നും ബുക്കി‌ങ് റദ്ദാക്കിയെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.

വിവാഹ ദിനത്തിൽ നേരിട്ട ദുരനുഭവം കടുത്ത മാനസിക പ്രശ്നങ്ങൾക്കു കാരണമായെന്ന് ഒട്ടേറെ യുവതികൾ തുടർന്നു വെളിപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടെന്നു പൊലീസ് സംശയിച്ചിരുന്നുവെങ്കിലും അനീസ് നാട്ടിൽ തന്നെയുണ്ടെന്നാണ് നിഗമനം.