ഭാര്യ പിണങ്ങിപ്പോയി; മദ്യ ലഹരിയിൽ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമം; യുവാവിനെ രക്ഷപ്പെടുത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 14th March 2022 07:38 AM |
Last Updated: 14th March 2022 07:38 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂർ: ഭാര്യ പിണങ്ങിപ്പോയതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ലോറി ഡ്രൈവറും തലശ്ശേരി സ്വദേശിയുമായ യുവാവാണ് തൃശൂരിലെ ഒല്ലൂരിൽ റെയിൽവേ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സ്റ്റേഷൻ മാസ്റ്ററുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ലോറി ഡ്രൈവറായ യുവാവ് സിമൻറ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. ഭാര്യയുമായുള്ള പ്രശ്നത്തിൽ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂർ സ്റ്റേഷന് സമീപത്തെ പാളത്തിൽ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് പാളത്തിൽ തലവച്ചു കിടക്കുന്നത് കണ്ട സ്റ്റേഷൻ മാസ്റ്റർ ഉടനെ തന്നെ പൊലീസിൽ വിളിച്ച് വിവരം അറിയിച്ചു.
പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്നു പിന്തിരിപ്പിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ തൊഴിലുടമയെ വിളിച്ച് വരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു.