റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; കണ്ണിന് സാരമായ പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 14th March 2022 12:02 PM |
Last Updated: 14th March 2022 12:02 PM | A+A A- |

പരിക്കേറ്റ രാഹുല്‍/ ടെലിവിഷന്‍ ദൃശ്യം
മലപ്പുറം: റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ത്ഥി രാഹുലിനാണ് സാരമായി പരിക്കേറ്റത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് രാഹുല്‍.
രാഹുലിന്റെ കണ്ണിനാണ് പരിക്കേറ്റത്. മുഖത്തും ദേഹത്തുമെല്ലാം മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. കോളജില്‍ വെച്ചു തന്നെ തന്നെ നോട്ടമിട്ടിരുന്നതായി പറഞ്ഞെന്നും രാഹുല്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. റാഗിങ് നടത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.