മകളെ യാത്രയാക്കാന്‍ എത്തി; ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് അച്ഛന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 07:42 PM  |  

Last Updated: 15th March 2022 07:42 PM  |   A+A-   |  

alex

അലക്‌സ്

 

കോട്ടയം: മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണു മരിച്ചു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്‌സ് (62) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. അച്ഛന്‍ വീഴുന്നത് കണ്ട് ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടിയ മകള്‍ക്കും പരിക്കേറ്റു. 

കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അന്‍സയെ (21) യാത്രയാക്കാനാണ് പിതാവ് അലക്‌സ് എത്തിയത്. കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസിന്റെ എസ് 4 കോച്ചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിന് ഇടയിലേക്കു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

അച്ഛന്‍ വീഴുന്നത് കണ്ട്
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അന്‍സയും പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്‌സിനെ രക്ഷിക്കാനായില്ല. 

അന്‍സയുടെ തലയ്ക്കാണു പരിക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.