മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 03:11 PM  |  

Last Updated: 15th March 2022 03:11 PM  |   A+A-   |  

SupremeCourtofIndia

സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍
നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

ചാനലിന്റെ സുരക്ഷാ അനുമതി പിന്‍വലിക്കുന്നതിനു കാരണമായ, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഫയലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. കേന്ദ്ര നടപടിക്ക് ഇടക്കാല സ്റ്റേ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. ചാനലിനു നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രീതിയില്‍ തുടരാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാ!രിന്റെ ഉത്തരവ് വന്നത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ രഹസ്യ രേഖകള്‍ പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ് അപ്പീല്‍ തളളിയത്. 

ഒരു വാര്‍ത്താചാനലിന് അപ്!ലിങ്കിംഗിന് അനുമതി നല്‍കാനുള്ള പോളിസി പ്രകാരം ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന മീഡിയ വണ്ണിന്റെ വാദം ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. ഒരു വാര്‍ത്താ ചാനലാകുമ്പോള്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.