വിദേശങ്ങളില്‍ നിന്നും പാഴ്‌സലായി ലഹരി; നെതര്‍ലാന്‍ഡ്‌സ്, ഒമാന്‍- കൊച്ചി കൊറിയര്‍; കോഴിക്കോട് എല്‍എസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 02:00 PM  |  

Last Updated: 16th March 2022 02:00 PM  |   A+A-   |  

Drugs SEIZED

ലഹരിമരുന്ന് പാഴ്സലായി എത്തിയത്/ ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കൊച്ചിയിലും കോഴിക്കോട്ടും വന്‍ ലഹരിവേട്ട. വിദേശരാജ്യങ്ങളില്‍ നിന്നും പാഴ്‌സലായി എത്തിച്ച ലഹരിമരുന്നുകള്‍ കൊച്ചിയില്‍ പിടികൂടി. കസ്റ്റംസിന്റെ സഹകരണത്തോടെ കൊച്ചി എക്‌സൈസ് നടത്തിയ റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയത്. 

നെതര്‍ലന്‍ഡ്‌സ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന് പാഴ്‌സലായി എത്തിയത്. ഒരു പാഴ്‌സല്‍ തിരുവനന്തപുരം സ്വദേശിക്കും മറ്റൊന്ന് കോഴിക്കോട് സ്വദേശിയുടെയും പേരിലാണ് അയച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടത്തിയ റെയ്ഡില്‍ 82 എല്‍എസ്ഡി സ്റ്റാമ്പും ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലും മൂന്ന് ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി ഫസലുവിനെ എക്‌സൈസ് പിടികൂടി. 

കൊച്ചി എക്‌സൈസ് നല്‍കിയ വിവരത്തിന്‍രെ അടിസ്ഥാനത്തില്‍ മാങ്കാവിലെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ലഹരികടത്തു കേസുകളില്‍ ഫസലു നേരത്തെയും പ്രതിയായിരുന്നുവെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വിദേശങ്ങളില്‍ നിന്നും പാഴ്‌സലുകള്‍ വഴി ലഹരി എത്തിക്കുന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 

ഇന്നലെ കൊച്ചിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്‌സലുകളെക്കുറിച്ച് സംശയം തോന്നിയ ജീവനക്കാര്‍ എക്‌സൈസിനെ വിവരം അറിയിച്ചു. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായ്ക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ 56 പാഴ്‌സലുകള്‍ എത്തിയതായാണ് എക്‌സൈസിന് ലഭിച്ച വിവരം.