'വേദന അറിയാതിരിക്കാന്‍ ലഹരിമരുന്ന്'; സംസ്ഥാനത്ത് ടാറ്റൂ സെന്ററുകളില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 10:30 AM  |  

Last Updated: 16th March 2022 10:30 AM  |   A+A-   |  

TATTOO

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് ടാറ്റൂ സെന്ററുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ വ്യാപക പരിശോധന. ടാറ്റൂ കുത്തുമ്പോള്‍ ലഹരിമരുന്ന് നല്‍കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞദിവസം മലപ്പുറം തിരൂരിലെ സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചിരുന്നു.

ടാറ്റൂ പാര്‍ലര്‍ ഉടമ പി എസ് സുജീഷിനെതിരെ നിരവധി ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ടാറ്റൂ സെന്ററുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്. ടാറ്റൂ സെന്ററുകളില്‍ ലഹരിമരുന്ന് നല്‍കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.

ഇന്നലെയും ഇന്നുമായാണ് വ്യാപക പരിശോധന നടത്തുന്നത്. ഇന്നലെയാണ് തിരൂരിലെ ടാറ്റൂ സെന്ററില്‍ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. ടാറ്റൂ ചെയ്യുമ്പോള്‍ സാധാരണയായി വേദന അനുഭവപ്പെടാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ചില ടാറ്റൂ കേന്ദ്രങ്ങളിലെങ്കിലും ഉപഭോക്താവിന് ലഹരിമരുന്ന് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. 

ഒട്ടുമിക്ക സ്ഥാപനങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.