എം ലിജു കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 05:48 PM  |  

Last Updated: 16th March 2022 06:02 PM  |   A+A-   |  

m_liju

എം ലിജു/ ഫെയ്സ്ബുക്ക്

 

ന്യൂഡല്‍ഹി: എം ലിജു കോണ്‍ഗ്രസിന്റെ  രാജ്യസഭാ സ്ഥാനാര്‍ഥിയായേക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം ലിജു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ പുനസംഘടനയും രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.

രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക കെ സുധാകരന്‍ കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ചിലരുടെ പേരുകള്‍ ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്ന് ലിജു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സിപിഎമ്മും സിപിഐയും യുവനിരയ്ക്ക് പ്രാധാന്യം നല്‍കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ഇത്തവണ ഒരു യുവാവിനെ രാജ്യസഭയില്‍ അയക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിമാണ് സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. യുവപ്രാതിനിധ്യം കണക്കിലെടുത്താണ് റഹിമിനെ പരിഗണിച്ചത്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് റഹിമിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

സിപിഎം സംസ്ഥാന സമിതി അംഗമാണ്. ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് റഹിമിനെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ.

നേരത്തെ 2006 ല്‍ എ എ റഹിം വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടു. ഇതിന് ശേഷം റഹിം സംഘടനാ രംഗത്തു പ്രവര്‍ത്തിച്ചു വരികയായിരുന്നു. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു.

ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടാമത്തെ സീറ്റില്‍ പി സന്തോഷ്‌കുമാറിനെ സിപിഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. കേരളത്തില്‍ നിന്നും മൂന്നു പേരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍, സിപിഎമ്മിലെ കെ സോമപ്രസാദ് എന്നിവരാണ് ഒഴിയുന്നത്. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.